കൊച്ചി : അന്താരാഷ്ട്ര വിപണയില്‍ വലിയ മൂല്യമുള്ള ക്ഷേത്ര പൈതൃക വസ്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണോ ശബരിമല സ്വര്‍ണക്കൊള്ളയിലും നടന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹൈക്കോടതി.
അന്താരാഷ്ട്ര കലാസൃഷ്ടി മോഷണസംഘത്തിന്റെ മോഡസ് ഓപ്പറാൻഡി തന്നെയാണു ശബരിമല കൊള്ളയിലും കാണുന്നത്. അന്താരാഷ്ട്ര ക്ഷേത്രകലാ കൊള്ളക്കാരനായ സുഭാഷ് കപൂര്‍ പോലുള്ള കുപ്രസിദ്ധ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളുമായി ഇതിനു സാമ്യമുണ്ട്.
മതപരമായ സംരക്ഷണം ചൂഷണം ചെയ്ത് പൈതൃകവസ്തുക്കള്‍ കൊള്ളയടിക്കുകയും കടത്തുകയും ചെയ്യുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ 2018ന്റെ അവസാന പാദത്തിലും 2019 ന്റെ ആദ്യപാദത്തിലും ശ്രീകോവിലിലെ പ്രധാന വാതിലിന്റെ അറ്റകുറ്റപ്പണികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റിക്കു കൈമാറുന്നതും അന്വേഷണത്തിന്റെ ഭാഗമാക്കണം.
വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ട ശേഷമാണ് ശ്രീകോവിലിലേക്കുള്ള പഴയ വാതിലുകള്‍ അഷ്ടാഭിഷേക കൗണ്ടറിനു സമീപം തുറന്നുകിടക്കുന്നതായി കണ്ടെത്തിയത്. പിന്നീടത് സ്ട്രോംഗ് റൂമിലേക്കു മാറ്റുകയായിരുന്നു. അഷ്ടാഭിഷേക കൗണ്ടറിനു സമീപം കണ്ടെത്തിയ വാതിൽപ്പാളികൾ യഥാര്‍ഥത്തില്‍ സ്വര്ണമാണോയെന്നു പരിശോധിക്കണം. യഥാര്‍ഥ ശ്രീകോവിലിന്റെ വാതിൽപാളികൾ പോറ്റിക്കും കൂട്ടാളികള്‍ക്കും കൈമാറിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്.
ശ്രീകോവിലിലേക്കുള്ള വാതിലായി ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത് 2019 മാര്‍ച്ചില്‍ സന്നിധാനത്ത് ഉണ്ണിക്കൃഷ്ണന് പോറ്റി നിര്‍മിച്ച സ്വര്‍ണം പൂശിയ വാതിലാണെന്നു വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.